Kerala
തിരുവനന്തപുരം: 23 നു നേമത്തു പത്രിക നൽകിയ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻകൂടിയായ രാജീവ് ചന്ദ്രശേഖർ കേരളം മുഴുവൻ ഒരു ഓട്ടപ്പാച്ചിലിലായിരുന്നു.
പര്യടനങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ചയോടെ നേമത്തെത്തിയപ്പോഴും രാജീവേട്ടൻ എന്ന് അനുയായികൾ വിളിക്കുന്ന നേതാവിനു തിരക്കോടു തിരക്കാണ്.
സംസ്ഥാന പ്രസിഡന്റിന്റെ സമ്മതത്തിനും മറുപടിക്കും കാത്തിരിക്കുന്ന പാർട്ടി വൃന്ദം, ഉച്ച ഭക്ഷണത്തിനു ശേഷമുള്ള വിശ്രമ സമയം അപഹരിക്കുന്ന മാധ്യമക്കൂട്ടം. ഇതിനിടയിൽ ദീപികയുമായി അദ്ദേഹം സംസാരിച്ചു...
? മുൻ തെരഞ്ഞെടുപ്പുകളേക്കാൾ വലിയ മാറ്റമാണ് ഇപ്പോൾ. പുതിയ രാഷ്ട്രീയ അജൻഡകൾ വരുന്നു. എംഎൽഎമാർ ഉൾപ്പെടെ പാർട്ടി മാറുന്നു. ഈ മാറ്റത്തെ ബിജെപി എങ്ങനെയാണു കാണുന്നത്, മാത്രമല്ല വികസനം എന്ന അജൻഡയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇത് ഏശുമോ
കേരളത്തിൽ വികസനം എന്ന അജണ്ട മാത്രമേ ഇനി ഉണ്ടാകൂ. എല്ലാ തെരഞ്ഞെടുപ്പിന്റെയും അജൻഡ വികസനവും വ്യവസായ പുരോഗതിയും ആകണം. തൊഴിലുണ്ടായാലേ, വ്യവസായങ്ങൾ ഉണ്ടായാലേ നമുക്കു ജീവിക്കാനുള്ള പണം കിട്ടൂ.
? വികസന രാഷ്ട്രീയത്തിലേക്കു ശ്രദ്ധ പോയാൽ ശബരിമല പോലുള്ള ബിജെപി കൊണ്ടുവന്ന പ്രശ്നങ്ങളും തൊഴിലില്ലായ്മ പോലുള്ള അടിസ്ഥാന വിഷയങ്ങളും അവഗണിക്കപ്പെട്ടു പോകില്ലേ.
ശബരിമല പോലുള്ള ക്ഷേത്രത്തിനകത്തു നടന്ന തട്ടിപ്പുകൾ ജനങ്ങളുടെ മനസിലുണ്ട്. അന്പലത്തിൽ കയറി കൊള്ള നടത്തുന്നതു ജനം സഹിക്കില്ല. അവർ മാപ്പു കൊടുക്കില്ല. അത് ആരും സാമാന്യജനത്തെ ഓർമിപ്പിക്കേണ്ട കാര്യമില്ല. അവർ അതു മനസിലാക്കി വോട്ടു ചെയ്തോളും.
? വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഹൈവേകൾ ഒന്നും ഇനിയും നടപ്പാക്കിയിട്ടില്ല .എയിംസ് ഇനിയും കേരളത്തിൽ വന്നിട്ടില്ല. പിന്നെന്തു വികസനമാണ്.
ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല ഞങ്ങൾക്കൊന്നും തന്നിട്ടില്ല എന്നു പറഞ്ഞു നടക്കുന്നതിൽ സന്തോഷിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് കേരളത്തിൽ ഇരു മുന്നണികളും പയറ്റുന്നത്. ബിജെപിക്ക് ഇവിടെ എംഎൽഎ ഇല്ല. ഭരിക്കുന്നത് ഇടതുപക്ഷമാണ്. പ്രതിപക്ഷം കോണ്‍ഗ്രസ് ആണ്. വിവാദം തിന്നു ജീവിക്കുന്നവരാണ് ഇവർ രണ്ടുകൂട്ടരും. 2012ൽ കേരളത്തോടൊപ്പം എയിംസ് അനുവദിച്ച മധുരയിൽ അത് എന്നേ പ്രവർത്തിച്ചു തുടങ്ങി. കൊല്ലത്ത് ഇഎസ്ഐ ഹോസ്പിറ്റലിനോടു ചേർത്ത് ഒരു മെഡിക്കൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം കൊണ്ടുവരാൻ കേന്ദ്ര ഗവണ്മെന്റ് ശ്രമിച്ചിട്ടും സംസ്ഥാന ഗവണ്മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
? ബിജെപിയുടെ മാനിഫെസ്റ്റോയിൽ വികസനം തന്നെയാകുമോ പ്രധാന അജൻഡ.
ഞങ്ങളുടെ മാനിഫെസ്റ്റോ പരന്പരാഗത രീതിയിലും ശൈലിയിലും ഉള്ളതല്ല. ഞങ്ങളുടെ സർക്കാർ വന്നാൽ വികസനവും പുതിയ പദ്ധതികളും ആയിരിക്കും പ്രധാന ലക്ഷ്യം.
? ബിജെപി ചില തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം ഉയർത്തുന്പോൾ മറ്റ് ചിലതിൽ പുറകോട്ടു പോകുന്നു. പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിക്കാതെ പോകുന്നില്ലേ.
ഏതു പാർട്ടിയിലെ പ്രവർത്തനത്തിലും ചില പോരായ്മകളുണ്ട്. അതു ലക്ഷക്കണക്കിനു പ്രവർത്തകരുമായി ബന്ധപ്പെട്ട പ്രശ്നമാണ്. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസം ഞങ്ങൾക്കു കിട്ടിയിട്ടുണ്ട് .ജനങ്ങൾക്ക് ഞങ്ങളെ വേണമെന്നു മനസിലായി.
? ഇപ്പോഴും ഡീൽ രാഷ്ട്രീയം അങ്ങോട്ടുമിങ്ങോട്ടും പറയുകയാണല്ലോ. എല്ലാറ്റിലും ബിജെപി ഒരു കക്ഷിയായി മാറുന്നു തൃപ്പൂണിത്തുറയിലും ഏറ്റുമാനൂരും ഒക്കെ ഡീൽ നടന്നോ.
ജനശ്രദ്ധ തിരിക്കാനും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള ഒരു കോലാഹലം മാത്രമാണിത്. നിങ്ങൾ ഈ വിഷയത്തെ ശാസ്ത്രീയവും ക്ലിനിക്കലുമായി ഒന്നു വിലയിരുത്തി നോക്കൂ. ഒപ്പം ആർക്കൊപ്പം ആരുടെ ഡീൽ എന്നാണ് പറയുന്നത്. മഞ്ചേശ്വരത്ത് ആര് ആർക്കു നടത്തി? ഇപ്പോൾ ഇതാ നേമത്ത് എസ്ഡിപിഐ പോലൊരു തീവ്രവാദ സംഘടന എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. പരസ്യമായി മുസ്ലിം വർഗീയ പാർട്ടികളെ രണ്ടുമുന്നണികളും രണ്ടായി പകുത്ത് എടുത്തിരിക്കുകയാണ്.
? എൽഡിഎഫ് ആണോ യുഡിഎഫ് ആണോ മുഖ്യ ശത്രു
അവർ രണ്ടും ഒന്നല്ലേ രണ്ടല്ലല്ലോ. തമിഴ്നാട്ടിൽ ഉൾപ്പെടെ 22 സംസ്ഥാനങ്ങളിലും അവർ ഒന്നാണ്. ജമാഅത്ത് ഇസ്ലാമിയെ പ്രീണിപ്പിക്കുന്നതിൽ അവർ ഒന്നാണ്. അഴിമതിയിൽ അവർ ഒന്നാണ്.
? കേരളത്തിലും ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നൊരു ശൈലി സ്വീകരിച്ചിട്ടുണ്ടല്ലോ
ക്രിസ്ത്യൻ ഔട്ട് റീച്ച് തുടങ്ങിയ പ്രയോഗത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞാൻ ഒരു മലയാളി എന്ന നിലയിലാണ് വിഷയത്തെ കാണുന്നത്. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അല്ലെങ്കിൽ നമ്മുടെ യുവത്വത്തിന് കൂടുതൽ പ്രയോജനം കിട്ടണം. അതിൽ മുസ്ലിം മലയാളി, ക്രിസ്ത്യൻ മലയാളി എന്നൊന്നും കാണാൻ തയാറല്ല .എന്നാൽ ഞങ്ങൾക്ക് മുൻകാലങ്ങളെക്കാൾ വലിയ ക്രിസ്ത്യൻ പിന്തുണ എല്ലായിടത്തും ഉണ്ടെന്നതു സത്യമാണ്.
? എഫ്സിആർഎ പോലുള്ള പ്രശ്നങ്ങളിലും മറ്റും ക്രിസ്ത്യൻ സംഘടനകളും സഭയും പ്രതിഷേധമുയർത്തിയിട്ടുണ്ടല്ലോ. കോണ്‍ഗ്രസ് ആകട്ടെ അത് സജീവമായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
എഫ്സിആർഎ പോലുള്ള പ്രശ്നം വലിയ പ്രതിഷേധത്തിനു കാരണമായി എന്ന് ഇപ്പോഴാണു ഞാൻ മനസിലാക്കുന്നത്. ഗൗരവമായി കേൾക്കുന്നതും ഇപ്പോഴാണ്. ആക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ വിവാദമല്ല, പരിഹാരമാണ് ഞങ്ങൾക്ക് താത്പര്യം. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ അതു പരിഹരിക്കും. ചർച്ച നടത്താനും തയാറാണ്.
? തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ ചിഹ്നം വന്നതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ ഉണ്ടായല്ലോ?
രണ്ടു പാർട്ടികൾക്കും തെരഞ്ഞെടുപ്പു ഫലത്തിൽ പേടിയാണ്. മാറ്റം വരുന്നു എന്ന് അവർക്ക് അറിയാം അതുകൊണ്ടാണ് അവർ ഇത്തരം തന്ത്രങ്ങൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ മന:പൂർവം ഉണ്ടായതോ നോട്ടപ്പിഴയോ ആകാം. ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
? ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം എങ്ങനെ ഉണ്ടാകും എന്നാണ് വിലയിരുത്തൽ
ജനങ്ങൾ രാഷ്ട്രീയപരമായ മാറ്റത്തിന് ഒപ്പമാണെന്ന് ബിജെപിക്ക് അറിയാം. ഞങ്ങൾക്ക് നല്ല ലീഡേഴ്സ് ഉണ്ട്. നല്ല പ്രവർത്തകരുണ്ട്. കൃത്യമായ നയങ്ങൾ ഉണ്ട്. നല്ല നേതാക്കളെ പൊതുജനം അംഗീകരിക്കും.
? താങ്കൾ ഇപ്പോൾ തിരുവനന്തപുരംകാരനായി മാറിയോ.
ഞാനൊരു അഖില ഭാരതീയനും അഖില കേരളീയനും ആണ്. എനിക്കു തലശേരി വേരുകൾ ഉണ്ട്. വളർന്നതു ഗുജറാത്തിലും പിന്നീട് ജീവിച്ചത് ഡൽഹിയിലും ബംഗളൂരുവിലുമാണ്.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ സ്പെഷൽ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങൾക്കു നൽകാൻ മുഖ്യമന്ത്രി തയാറാകണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ചതു പോലെ സംസ്ഥാനവും നികുതി കുറയ്ക്കണം.
റിട്ടേണിംഗ് ഓഫീസറെ സഹായിക്കാൻ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ നേമം സ്ഥാനാർഥിയും തൊഴിൽ മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ തൊഴിൽ വകുപ്പിൽ നിന്നുള്ളവർ മാത്രമായത് ദുരൂഹമാണ്.
എത്രയും വേഗം തൊഴിൽ വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരെയും നേമത്തെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണം. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
കൊല്ലം: മൂന്നാം തവണ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘വോട്ടും വാക്കും’ എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിൽ പോയി ചോദിക്ക് എന്നുള്ളത് പഴയ മാർക്സിസ്റ്റ് ചൈനയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല. ഒരു ഭയം എൽഡിഎഫിന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിച്ച ആളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് മാറേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഭരണമാറ്റം മാത്രമല്ല, വിവാദത്തിൽനിന്ന് വികസനത്തിലേക്കുള്ള മാറ്റമാണ് ഈ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. മൂന്നാം തവണ സർക്കാർ ഉണ്ടാക്കാം എന്നു കരുതരുത്. 40 സീറ്റ് തന്നെ കടക്കുമോയെന്ന് കോൺഗ്രസിനു തന്നെ സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിക്ക് ഇത് നിർണായക തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണകൊള്ള കേസിൽ പോറ്റി മാത്രമല്ല, മന്ത്രിമാരുമുണ്ട്. ബിജെപി അധികാരത്തിൽ വന്നാൽ ജയിലിലടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദം സൃഷ്ടിച്ച് എങ്ങനെയെങ്കിലും അധികാരത്തിൽ വരാനുള്ള നീക്കമാണ് ഇടതു-വലതു മുന്നണികൾ നടത്തുന്നത്. കേരളം മാറ്റം ആവശ്യപ്പെടുന്നു. സീറ്റിന്റെ എണ്ണമൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണെന്നു ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയെ ലക്ഷ്യമിട്ട് ഇരുവരും ഡീൽ ആരോപണം ഉന്നയിക്കുന്നതു സാധാരണ ജനങ്ങളെ പറ്റിക്കാനുള്ള പതിവു തന്ത്രമാണ്.
ബിജെപിയെ പരാജയപ്പെടുത്താൻ ഇടതും വലതും ഒരുമിച്ചു വോട്ട് ചെയ്ത ഉദാഹരണങ്ങൾ കേരളത്തിലുണ്ടെന്നു മറക്കരുത്. കേരളത്തിനു പുറത്ത് 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണെന്നു മലയാളികൾക്കറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തദ്ദേശ തെരഞ്ഞടുപ്പു കഴിഞ്ഞപ്പോൾ നിയമസഭയിൽ തങ്ങൾക്ക് 120 സീറ്റ് കിട്ടും എന്നൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാൽ അതൊന്നും കിട്ടാൻ പോകുന്നില്ലെന്ന് അവർക്ക് കൃത്യമായി മനസിലായിട്ടുണ്ട്. ഇപ്പോൾ മുസ്ലിം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കിമാറ്റാനുള്ള ശ്രമമാണു സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്.
സിപിഎമ്മിനു പോകുന്ന മുസ്ലിം വോട്ട് പിടിക്കാൻ സിപിഎം ബിജെപിയുടെ ബി-ടീമാണെന്നു കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. മറുവശത്തു മുഖ്യമന്ത്രി പറയുന്നത് രാഹുൽ ഗാന്ധിയാണു ബിജെപിയുടെ ബി-ടീം എന്നാണ്. പണ്ടത്തെ പോലെ ഈ തെരഞ്ഞെടുപ്പിൽ മുസ്ലിം സഹോദരങ്ങളെ ഇരകളാക്കാൻ കഴിയില്ല. നുണ പ്രചരിപ്പിക്കുന്നതു കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തന്നോടുള്ള കോണ്‍ഗ്രസിന്റെ പകയ്ക്കു കാരണം 2 ജി അഴിമതി പുറത്തുവിട്ടത്
തന്നോടുള്ള കോണ്‍ഗ്രസിന്റെ പകയ്ക്കു കാരണം 2 ജി അഴിമതി പുറത്തുവിട്ടതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു വരുന്പോൾ കോണ്‍ഗ്രസ് നടത്തുന്ന പതിവു ദുഷ്ടപ്രചാരണമാണു സ്വത്തു മറച്ചുവച്ചുവെന്ന ആരോപണം.
2008മുതൽ 18 കൊല്ലമായി കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ചുതന്നെ ആക്രമിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടതാണ്. കോണ്‍ഗ്രസിന്റെ പരാതി പതിവു പോലെ ഇത്തവണയും തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു പത്തു ദിവസം മുന്‍പു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു കോണ്‍ഗ്രസ് പതിവു പോലെ ശ്രമിക്കുന്നത്. വികസനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കോണ്‍ഗ്രസും സിപിഎമ്മും തയാറാവണം. നുണപ്രചാരണം നടത്തി ഭയപ്പെടുത്താൻ നോക്കേണ്ട.
തോൽക്കുമെന്നു നൂറു ശതമാനം പേടിയുള്ളതുകൊണ്ടാണു കോണ്‍ഗ്രസിന്റെ ഈ പതിവു തന്ത്രം. കോണ്‍ഗ്രസിനു പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകണം. നേരിടാൻ താൻ തയാറാണ്. ആരോപണത്തിൽ പറയുന്ന വീടും ഭൂമിയും തന്റെ പേരിലല്ല. വീട് തന്റെ മാത്രം ഉടമസ്ഥതയിലുള്ളതല്ല. താൻ കൂടി ഭാഗമായുള്ള കന്പിനിയുടേതാണ്. താമസിക്കുന്ന വീടിനെക്കുറിച്ചുള്ള വിവരം മറച്ചുവയ്ക്കാൻ താൻ അത്രയ്ക്കു വിഡ്ഢിയാണോയെന്നും രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖർ ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെയും ബിജെപിയുടെ മുതിര്‍ന്ന ദേശീയ-സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ പത്രിക സമര്‍പ്പിക്കുന്നത്.
കഴക്കൂട്ടം, കാട്ടാക്കട, വട്ടിയൂര്‍ക്കാവ് സ്ഥാനാർഥികളുടെ പത്രികാ സമര്‍പ്പണ ചടങ്ങിലും രാജസ്ഥാന് മുഖ്യമന്ത്രി പങ്കെടുക്കും. നേമം നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശനിയാഴ്ച രാവിലെ 11.30ന് വികാസ് ഭവനിലെ ലേബര്‍ ഓഫീസിലെത്തി വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
കോര്പ്പറേഷന് ഓഫീസ് പരിസരത്തുനിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ പത്രികാ സമര്‍പ്പണത്തിനെത്തുന്നത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി. കെ കൃഷ്ണദാസ് ശനിയാഴ്ച രാവിലെ 11ന് വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രം മേധാവി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്.
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന് ശനിയാഴ്ച രാവിലെ 11ന് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. രാവിലെ എട്ടിന് കണ്ണമൂലയിലെ ചട്ടമ്പി സ്വാമി സമാധിയില്‍ പ്രാര്‍ത്ഥിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ട്രേറ്റിലേക്കെത്തും.
വട്ടിയൂര്‍ക്കാവില്‍ കോര്പ്പറേഷന് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്. ശ്രീലേഖ ശനിയാഴ്ച 12ന് മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
മണലൂരില്‍ കെ.കെ അനീഷ് കുമാര്‍, നാട്ടികയില്‍ സി.സി മുകുന്ദന്, തൃശൂരില്‍ പദ്മജ വേണുഗോപാല്‍ പാലക്കാട് ശോഭാ സുരേന്ദ്രന് എന്നിവരുടെ പത്രികാ സമര്‍പ്പണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേല്‍ പങ്കെടുക്കും.
എലത്തൂര്‍, കൊയിലാണ്ടി സ്ഥാനാര്‍ഥികളായ ടി. ദേവദാസ്, സി.ആര്. പ്രഫുല്‍കൃഷ്ണന്‍ എന്നിവരുടെ പത്രികാ സമര്‍പ്പണ ചടങ്ങില്‍ രാജസ്ഥാന് ഉപമുഖ്യമന്ത്രി പ്രേംചന്ദ് ഭൈരവയും കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, പി.സി ജോര്‍ജ് എന്നിവരുടെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്രനിയമമന്ത്രി അര്ജുന് റാം മേഘ് വാള് എന്നിവരും പങ്കെടുക്കും.
മഞ്ചേശ്വരത്ത് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, കാസര്‍ഗോഡ് എം.എല്‍. അശ്വനി എന്നിവരും ശനിയാഴ്ച പത്രിക നല്‍കും.
Kerala
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാനസർക്കാരിന്റെ തലവൻ എന്നനിലയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെന്നും മരുമകനെ ക്ഷണിക്കണമെന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
കേന്ദ്രസർക്കാരിന്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാനത്തിന്റെ തലവൻ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. കൂടെ ആരു വരണമെന്നത് അദ്ദേഹം മുൻകൂട്ടി തീരുമാനിക്കേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയും റിയാസും മന്ത്രിമാരായിരിക്കില്ലെന്ന് അവർക്കറിയാം.
വിവാദങ്ങൾ തെരഞ്ഞുനടക്കുന്ന പാർട്ടിയാണ് സിപിഎം. ഇപ്പോൾ എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
Kerala
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം വികസനമെത്താത്ത നാടാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു.
പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം കോട്ടയാണെന്നാണ് സിപിഎം പറയുന്നത്. എന്നാൽ വികസനം എത്താത്ത നാടാണ് ധര്‍മ്മടം. എന്ത് സിപിഎം കോട്ടയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കോട്ട എന്ന് അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോയെന്ന് ചോദിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ, ബിജെപിയുടെ പൊതുപരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ ആണ് ധർമ്മടത്ത് പങ്കെടുത്തതെന്നും വ്യക്തമാക്കി.
അവിടെ കുടിവെള്ളം കിട്ടാത്ത വീടുകളുണ്ട്. വികസനം എത്താത്ത നാടാണ് ധർമ്മടം. എൻഡിഎയുടെ വിജയം ഉറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിയോഗിച്ചത്. ആ ദൗത്യം പൂർത്തിയാക്കിയ ശേഷം മാത്രമേ താൻ മടങ്ങു എന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
Kerala
വൈക്കം: സിപിഎമ്മും കോൺഗ്രസും രണ്ടല്ല ഒന്നാണെന്നും ഭരണത്തിനായുള്ള നാട്യമാണ് ഇരുപാർട്ടികൾക്കെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് വന്ന നൂറോളം പ്രവർത്തകരെ സ്വീകരിക്കുന്നതിന് വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് പ്രസംഗിച്ച കെ. അജിത്ത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യത്തിൽ പരാതി നൽകി ഏഴുമാസം കഴിഞ്ഞിട്ടും നേതൃത്വം പരിഹരിക്കാതിരുന്നതുകൊണ്ടാണ് താൻ ബിജെപിയിലേയ്ക്ക് പോയതെന്നും സമാന രീതിയിലാണ് വൈക്കത്തിന്റെ വിവിധ ഭാഗത്തുനിന്ന് പലരും ബിജെപിയിൽ ചേർന്നതെന്നും അജിത്ത് കുട്ടിച്ചേർത്തു.
വൈക്കം മണ്ഡലം പ്രസിഡന്റ് എം.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. ബിജെപി മേഖല പ്രഭാരി എൻ. ഹരി, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, വൈക്കം പ്രഭാരി ശ്യാമള എസ്. കുന്ദർ, ബിജെപി സംസ്ഥാന വക്താവ് റെജി ലൂക്കോസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി. സെൻ, ലാൽ കൃഷ്ണൻ, പി.ജി. ബിജുകുമാർ, ലേഖ അശോകൻ, പി.ആർ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ എന്തെങ്കിലും ഇനി ബാക്കിയുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചത് സാധാരണക്കാർക്കുവേണ്ടിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ശബരിമലക്കൊള്ള നടന്ന് അഞ്ചരമാസമായിട്ടും പിന്നിലാരാണെന്നു കണ്ടുപിടിക്കാൻ എസ്ഐടിക്കു കഴിഞ്ഞിട്ടില്ല. ശബരിമലപോലുള്ള ഒരു പുണ്യസ്ഥലത്തുനിന്നു നാലരകിലോ സ്വർണം കട്ടുകൊണ്ടുപോയി അഞ്ചരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പറയുന്നത് ഇതൊരു വീഴ്ചയാണെന്നാണ്.
എം.വി. ഗോവിന്ദൻ പറയുന്നതു ശബരിമല വിഷയമൊക്കെ കഴിഞ്ഞല്ലോ എന്നാണ്. കേരളത്തിൽ മാറിമാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ നിന്ന് എത്ര സ്വർണവും എത്ര ഭൂമിയും കൊള്ളയടിച്ചുവെന്നു സാധാരണ ജനങ്ങൾക്ക് അറിയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
ന്യൂഡൽഹി: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം ഉന്നയിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ലെന്നും എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ലെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ മുഖ്യമന്ത്രി ചർച്ച ചെയ്യേണ്ടതെന്നും ചോദിച്ചു.
കഴിഞ്ഞ 10 കൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ്- ഹമാസ് എന്നൊക്കെ പറഞ്ഞാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കും. അങ്ങനെ അഭിപ്രായമുള്ളവർ ഉണ്ട്. അങ്ങനെ ഒന്ന് ഇല്ലെങ്കിൽ തെളിയിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിവിധ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച റെയിൽവേ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്നും പന്ത്രണ്ടായി ഉയർത്താനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
യാത്രക്കാരുടെ കടുത്ത തിരക്ക് പരിഗണിച്ച് കൊല്ലം - എറണാകുളം, കൊല്ലം - കോട്ടയം, പാലക്കാട് - എറണാകുളം റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്. മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന തന്റെ ആവശ്യം പരിഗണിച്ച് ഉടനടി നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിന് രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞു. ഈ തീരുമാനം നിത്യയാത്രക്കാരായ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വലിയ രീതിയിൽ ഉപകാരപ്പെടുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നെല്ലിനും ഗോതന്പിനും നൽകുന്ന എംഎസ്പി ബോണസ് നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള പരാമർശത്തിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു കത്തു നൽകി.
പതിറ്റാണ്ടുകളായി കേരളത്തിൽ നെൽകൃഷിയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും സ്ഥിരവും ദീർഘകാലവുമായ ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിലെ അധിക സ്റ്റോക്കിലേക്കു സംഭാവന നൽകുന്ന മിച്ച ഉത്പാദനമുള്ള സംസ്ഥാനമല്ല കേരളം.
അതിനാൽ നെല്ലിനും ഗോതന്പിനും ബോണസ് നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള പരാമർശത്തിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്നും സംസ്ഥാനത്തെ കാർഷിക, പാരിസ്ഥിതിക, ഭക്ഷ്യസുരക്ഷാ പരിഗണനകൾ മുൻനിർത്തി കേരളത്തിന്റെ വിഷയം പ്രത്യേകം പരിഗണിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്ര ധനമന്ത്രിയോട് അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: എല്ലാം ശരിയാക്കും എന്നു പറഞ്ഞു വന്നവർ എല്ലാം തുലച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പത്തു വർഷത്തെ ഭരണംകൊണ്ട് 22 ലക്ഷം കോടി രൂപ കേരളത്തിൽ വെറുതെ നശിപ്പിച്ചവരുടെ അവസാനത്തെ പ്രകടനമാണ് കേരള ബജറ്റ് എന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ കേരളത്തിൽ തൊഴിൽ വർധനയ്ക്കോ വ്യവസായ മുന്നേറ്റത്തിനോ പിണറായി സർക്കാരിനെക്കൊണ്ടു കഴിഞ്ഞിട്ടില്ല. 2014ൽ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സർക്കാർ അവസാനം നടത്തിയ വാഗ്ദാന പെരുമഴ പോലെയാണ് ഇപ്പോൾ കേരളത്തിൽ എൽഡിഎഫ് നടത്തിയിരിക്കുന്നത്.
ഉള്ള തൊഴിലാളികൾക്കുപോലും ശന്പളമില്ലാത്ത അവസ്ഥയാണ്. കുടിവെള്ള കാര്യത്തിൽ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നത്. ബജറ്റിൽ സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്ന റെയിൽ പദ്ധതി വെറും വാഗ്ദാനം മാത്രമാണ്.
കേന്ദ്രസർക്കാർ ശരിയായ പ്ലാനിംഗ് നടത്തിയാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഹൈസ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: ബജറ്റിനു മുന്നോടിയായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇക്കണോമിക് സർവേ റിപ്പോർട്ടിൽ കേരളത്തിന്റെ അതിദാരിദ്ര്യനിർമാർജനപദ്ധതി മാതൃകയാണെന്നു വിശേഷിപ്പിച്ചതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എന്താണു പറയാനുള്ളതെന്ന് മന്ത്രി എം.ബി. രാജേഷ്.
കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം രാജീവ് ചന്ദ്രശേഖർ പദ്ധതി പബ്ലിസിറ്റി സ്റ്റണ്ടാണെന്നു പരിഹസിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ചോദ്യം.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തെ പരാമർശിച്ചതു ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മലയാളപത്രങ്ങൾ മനഃപൂർവം ഒഴിവാക്കിയതാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ പദ്ധതിയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിന്റെ സർവേ റിപ്പോർട്ട്. കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വാർത്തയാണിതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്ന് മാറ്റി കേരളം എന്നാക്കുന്നതിനായി നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ചതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി അറിയിച്ച് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കേരള എന്ന പേര് കേരളം എന്നാക്കുന്നതിലൂടെ യഥാര്‍ഥ നാമം പുനസ്ഥാപിക്കുകയാണ് നമ്മള് ചെയ്യുന്നതെന്നും ബിജെപി അധ്യക്ഷന്‍ നല്കിയ പിന്തുണയില്‍ സന്തോഷം ഉണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ഭാഷയും സംസ്കാരവും ശക്തിപ്പെടുത്തുന്നതിന് ഒപ്പം നിൽക്കുന്നതിൽ സന്തോഷം എന്നും കത്തിൽ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരു കേരളം എന്ന് ഔദ്യോഗിക നാമകരണം ചെയ്യുന്നതിൽ പിന്തുണയും ഇടപെടലും അഭ്യർഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് നൽകി.
ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽനിന്നു കേരളം എന്നാക്കി മാറ്റുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതും കത്തിൽ സൂചിപ്പിക്കുന്നു.
Kerala
തിരുവനന്തപുരം: പത്തുവർഷത്തെ പിണറായിഭരണം കേരളത്തെ നശിപ്പിച്ചുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുപിഎ ഭരണകാലത്ത് 72,000 കോടി രൂപ മാത്രം കേരളത്തിനു ലഭിച്ചപ്പോൾ 2014-2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് നരേന്ദ്രമോദി സർക്കാർ കേരളത്തിനു കൈമാറിയത്. പത്തു വർഷം കൊണ്ട് എന്തുചെയ്തു എന്നു പറയേണ്ടതിനു പകരം കേന്ദ്രസർക്കാർ പണം തന്നില്ല എന്നു നുണ പ്രചരിപ്പിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്. കിഫ്ബി, പെൻഷൻ കന്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണു കേരളത്തിന്റെ കടമെടുപ്പു പരിധി തീർന്നു പോകുന്നത്.
അല്ലാതെ കേന്ദ്രസർക്കാർ കട പരിധി വെട്ടിക്കുറയ്ക്കുന്നതല്ല. വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബിജെപി പിണറായി വിജയനെ ക്ഷണിക്കുകയാണെന്നും ഇതേക്കുറിച്ച് ഒരു തുറന്ന സംവാദത്തിനു തങ്ങൾ തയാറാണെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പിണറായി വിജയൻ പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തിൽനിന്നു കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റു നൽകാത്തതാണ് അതിനു കാരണം. സഖാക്കൻമാർക്കു തോന്നിയപടി ചെലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയമെന്നു മനസിലാക്കണം.
പതിനാറായിരം കോടിയുടെ കേന്ദ്ര പദ്ധതികളാണു പിണറായി സർക്കാർ ചവിട്ടിവച്ചിരിക്കുന്നതെന്നു സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും 54,000 ലക്ഷം വീട്ടിൽ കുടിവെള്ളമില്ല, 6,000 കോടി കരാറുകാർക്കു കൊടുക്കാൻ സർക്കാരിനു കാശില്ല.
45,000 പേർ ഇന്നും കോളനികളിൽ ജീവിക്കുന്നു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടി പിണറായി സർക്കാർ അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്.
പതിമൂന്ന് ദിവസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്. കണ്ണമ്മൂല വാർഡിൽ നിന്നാണ് രാധാകൃഷ്ണൻ മത്സരിച്ച് വിജയിച്ചത്. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബിജെപി ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി.
101 സീറ്റുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 51 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് പ്രഖ്യാപനമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും അദേഹം ആരോപിച്ചു.
ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ ഭാവിയെ കരുതി എല്ലാവരും ബിജെപിക്ക് അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
District News
പാവറട്ടി: കേരളത്തിൽ വ്യാജ വോട്ടുകൾ നേടിയാണ് ഇടത്, വലത് മുന്നണികൾ ഇതുവരെ ജയിച്ചിരുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആറിലൂടെ വോട്ടർ പട്ടിക ശുചീകരിച്ചതോടെ ബീഹാറിൽ എൻഡിഎ നേടിയ വൻവിജയം ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമികളുടെ വെട്ടേറ്റ് മരിച്ച ആർഎസ്എസ് പ്രവർത്തകൻ പാവറട്ടി മാരുതിയൂർ കുണ്ടുവീട്ടിൽ ബൈജുവിന്റെ കുടുംബത്തിന് ബിജെപി ജില്ലാകമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറൽച്ചടങ്ങ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വികസനംകൊണ്ടുവരുന്നത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണെന്ന് ജനങ്ങൾക്ക് മനസിലായിയെന്നും വികസിത കേരളമാണ് ബിജെപിയുടെ അജൻഡയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ചടങ്ങിൽ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മറ്റു നേതാക്കളായ കെ.കെ. അനീഷ്കുമാർ, പ്രവീൺ പറങ്ങനാട്ട്, സുധീഷ് മേനോൻപറമ്പിൽ, സുജയ് സേനൻ, എം.ആർ. വിഷ്വൽ സതീഷ്, മാരുതിയൂർ സുജിത്ത്, അഭിഷേക് പൂവിൽ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരമായിട്ടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
വികസിത കേരളം, വികസിത കോര്പറേഷന്, വികസിത മുനിസിപ്പാലിറ്റി, വികസിത പഞ്ചായത്ത് എന്നിവ സൃഷ്ടിക്കാനുള്ള അവസരമാണിത്. എത്രയോ കാലം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്ക് കൃത്യമായി മനസിലായിട്ടുണ്ട്, അതുകൊണ്ട് അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സീറോ മലബാർ സഭ നേതൃത്വത്തോടൊപ്പം പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. മതം നോക്കിയല്ല ബിജെപി നേതൃത്വം പ്രവർത്തിക്കുന്നത്.
ഏതൊരു മലയാളിക്കൊപ്പവും തങ്ങൾ ഉണ്ടാകും. എല്ലാം രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ ആണ് വായ്പകൾ എഴുതിത്തള്ളാൻ നേതൃത്വം നൽകേണ്ടത്. കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസർവ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ വായ്പകൾ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ബാങ്കുകളുടേത് ബോർഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിർബന്ധിക്കാൻ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല.
ചോദിക്കുന്നവരും പറയുന്നവരും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത്. സംസ്ഥാനം സബ്സിഡി നൽകുകയാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലായെന്നാണ്. താൻ രാഷ്ട്രീയ വിദ്വാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ താൻ അധ്വാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
കോമണ്‍സെൻസും കുറച്ചു ബുദ്ധിയുമുള്ള താൻ ഹിന്ദു വിശ്വാസിയാണ്. ശബരിമലയിൽ 18 തവണ 18 പടികയറി ദർശനം നടത്തിയിട്ടുണ്ട്. കാൾ മാർക്സും ദാസ് ക്യാപിറ്റലും വായിച്ചു കമ്മ്യൂണിസ്റ്റാകാൻ തനിക്കു താത്പര്യമില്ല.
പക്ഷേ വികസന കാഴ്ച്ചപ്പാടു തനിക്കുണ്ടെന്നും അതുമായാണു താനും ബിജെപിയും കേരളത്തിൽ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
അയ്യപ്പഭക്ത സംഗമം രാഷ്ട്രീയമായി കാണരുതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്ട്രീയമില്ലായെന്നു അദ്ദേഹം പറയുന്നത്. ദേവസ്വം ബോർഡാണ് അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടതും അതിഥികളെ ക്ഷണിക്കേണ്ടതും. എന്നാൽ അതെല്ലാം ചെയ്യുന്നതു ദേവസ്വം മന്ത്രിയാണ്.
ഹിന്ദുവിരുദ്ധത പറയുന്ന സ്റ്റാലിനെ പരിപാടിയിലേക്കു ക്ഷണിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിക്കു മറ്റൊരു അജണ്ടയുണ്ട്. തെരഞ്ഞെടുപ്പിനു കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പരിപാടിയെപ്പറ്റി ബിജെപിയ്ക്ക് ആക്ഷേപമില്ല. ദേവസ്വം ബോർഡ് സംഘടിപ്പിക്കുകയാണെങ്കിൽ അതു നടക്കട്ടെ. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്തവരാണു ദേവസ്വംബോർഡും സർക്കാരും. എന്നാൽ പന്പയിൽ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദുവിനെതിരെ നിലപാടെടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണു പ്രശ്നം.
ഹിന്ദുമത വിശ്വാസം വൈറസ് എന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രി പറഞ്ഞതു അയ്യപ്പസംഗമം ആരാധനയുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രി വിശ്വാസിയല്ല. ഭക്തരെ ബഹുമാനിക്കുന്ന ഭക്തർക്കുവേണ്ടിയുള്ള സമ്മേളനം ആണെങ്കിൽ അവിടേക്കു സ്റ്റാലിനെയും ഡിഎംകെയും ക്ഷണിക്കാൻ പാടില്ല.
വിശ്വാസി അല്ലാത്തൊരു മുഖ്യമന്ത്രിയല്ല ഈ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്ലിം സമുദായത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും രാജീവ് ചോദിച്ചു.